Saturday, August 30, 2008

ബ്ലൂ മാങ്കോ ബുക്സിന്റെ അഭിമുഖം


ബൂലോഗത്തെ എണ്ണപ്പെട്ട കവികളില്‍ ഒരാളായ ശ്രീ. ശ്രീദേവീനായരുമായി ബ്ലൂമാങ്കോ ബുക്സിന്റെ മുതലാളിമാര്‍ നടത്തിയ അഭിമുഖം ചവറുകളിലേയ്ക്ക് തിരഞ്ഞെടുത്തിരിയ്ക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.

ബൂലോഗത്തില്‍ ഈ അഭിമുഖത്തിന് തുല്യം വെയ്ക്കാന്‍ മറ്റൊരു അഭിമുഖവും നാളിതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. എണ്ണമിട്ട് മുതലാളി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം അക്കമിട്ട് പ്രശസ്ത കവി ശ്രീ. ശ്രീദേവീനായര്‍ മറുപടി പറഞ്ഞിരിയ്ക്കുന്നു.

വായിയ്ക്കുക ബ്ലൂമാങ്കോ ബുക്സിന്റെ ഏറ്റവും പുതിയ അഭിമുഖം.

Tuesday, August 26, 2008

പണ്ടാരത്തിലിന്റെ മര്‍ത്യവിജ്ഞാനം.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന ബൂലോഗത്തിന്റെ ആസ്ഥാന കവിയുടെ ഏറ്റവും പുതിയ കവിതയായ മര്‍ത്യവിജ്ഞാനം ചവറുകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു എന്ന വിവരം ഏവരേയും തര്യപ്പെടുത്തികൊള്ളുന്നു.

മര്‍ത്യന്റെ മാതൃഭാവം അനുപമായി അവതരിപ്പിച്ചിരിയ്ക്കുന്ന ഉല്‍കൃഷ്ടമായ ഒരു സൃഷ്ടിയാണ് മര്‍ത്യവിജ്ഞാനം. മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ കവിത ബൂലോഗത്തെ എക്കാലത്തേയും ഏറ്റവും മഹത്തരമായ ഒരു രചനയാണെന്ന് പറയാതിരിയ്ക്കാന്‍ അനോനിമാഷിന് പോലും കഴിഞ്ഞില്ല എന്നതാണ് ശരി.

ലോകോത്തരമായ മര്‍ത്യവിജ്ഞാനം എക്കാലത്തേയ്ക്കുമായി കുറ്റിച്ചൂല്‍ അടിച്ചു വാരി ഈ കച്ചറ ഡബ്ബയില്‍ സൂക്ഷിയ്ക്കുന്നു.

ഞാനിതാ വരുന്നൂ...

ചവറുകള്‍.
എന്റെ ബ്ലോഗിന് നല്‍കാന്‍ നല്ലൊരു പേരും തേടി കുറേയായി നടക്കുന്നു. ഒടുവില്‍ മറ്റു ബ്ലോഗുകള്‍ വായിച്ച് വായിച്ച് ഞാനൊന്നങ്ങ് മനസ്സിലാക്കി പൊന്നുടയതേ.

അതെന്താന്നല്ലേ ലൊകോത്തരമായ ബൂലോഗ ബ്ലോഗുകള്‍ക്കിടയില്‍ ലവലേശം കാണാന്‍ കഴിയാത്തതെന്നാ....അതാണ് ചവറുകള്‍. ചവറെഴുത്തൊക്കെ അങ്ങ് അച്ചടിയിലല്ലേ? ഇവിടെയെല്ലാം ലോകോത്തരം. പിന്നെ നീയെന്നാത്തിനാ ഈ പണിക്കെന്നല്ലേ.

“ഇത്തിരി ചവറുകള്‍ കയ്യിലുണ്ടേ..അതെവിടെയെങ്കിലും ഒന്നു ചാമ്പണം” അതിന് ഇപ്പോള്‍ ഏറ്റവും നല്ലയിടം ഏതാന്ന് വെച്ചാ..അതാണ് ബൂലോകം.


ലോകോത്തരമായ മലയാള ബ്ലോഗുകള്‍ക്കിടയിലേക്ക് ചവറു വണ്ടിയും ഉന്തി ഏന്തി വലിഞ്ഞെത്തുന്ന ഈ കുറ്റിച്ചൂലിനേം ഒന്ന് ആശിര്‍വദിക്കണേ...ഏറ്റവും കുറഞ്ഞത് ആ “വേറിട്ടകാഴ്ചക്കാരന്” നല്‍കിയ സ്വീകരണം എങ്കിലും തരണേ...


അനുഗ്രഹിക്കൂ...ആശ്രിവദിക്കൂ.